Monday, January 12, 2009

തിരിഞ്ഞു നടക്കുന്നവര്‍

അറുപതുകളിലും എഴുപതുകളിലും, എന്റെ വീട്ടില്‍, ബന്ധുക്കള്‍ ഒത്തുകൂടുമ്പോള്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങളും, സാമൂഹ്യ പ്രശ്നങ്ങളുമാണ് ചര്‍ച്ചാവിഷയമാകാറുള്ളത്. (ഇത് എന്റെ മാത്രം അനുഭവമല്ല. കേരളത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം ഇത്തരം ചര്‍ച്ചകളാണ് നടക്കാറുള്ളത്.) അവിടെ തര്‍ക്കങ്ങളുണ്ടാവാറുണ്ട്; സംവാദങ്ങളുണ്ടാവാറുണ്ട്.
എന്നല്‍ ഇന്നോ??? അടുത്ത ദിവസം എന്റെ കുടുംബ സദസ്സില്‍ നടന്ന ചര്‍ച്ചകള്‍ എന്നെ ഏറെ അമ്പരപ്പിച്ചു; വേദനിപ്പിച്ചു. എന്താണ് നടന്ന ചര്‍ച്ച? ജാതീയമായി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത, ആചാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടതെങ്ങനെ....... എന്നിങ്ങനെ പോകുന്നു ചര്‍ച്ചകള്‍. അവിടെ തര്‍ക്കങ്ങളില്ല; സംവാദങ്ങളുമില്ല. ( സംവാദമില്ലാത്തത് ദര്‍ശനമില്ലാത്തതു കൊണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ! ) ഏറെ ഉല്പതിഷ്ണുക്കളുണ്ടായിരുന്ന എന്റെ കുടുംബത്തിനെന്തു സംഭവിച്ചു?
എന്റെ കുടുംബം കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയല്ലേ? നമ്മള്‍ അര്‍ത്ഥവത്തായ സംവാദങ്ങളില്‍ ഏര്‍പ്പെടാത്തതെന്തുകൊണ്ട്? അയ്യങ്കാളിയുടേയും, ഗുരുവിന്റേയും, വിടിയുടേയും.... ( മറ്റു നവോത്ഥാന നായകരുടേയും ) നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് നമ്മള്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതെന്തുകൊണ്ട്? ചര്‍ച്ച ചെയ്യേണ്ടതല്ലേ?
രാഷ്ട്രീയത്തിലെ മൂല്യ ച്യുതിയാണോ ഇതിനു കാരണം ? വൈരുദ്ധ്യാത്മക ഭൌതിക വാദത്തില്‍ മുറുകെ പിടിക്കുന്നവര്‍ തന്നെ ആചാരങ്ങളുടേയും, വിശ്വാസങ്ങളുടേയും പിറകെ പോകുന്നതാണോ കാരണം ? എന്തായാലും ഞാനും നിങ്ങളുമടക്കമുള്ള ഈ സമ്മൂഹം മുഴുവന്‍ ഇതിനുത്തരവാദികളല്ലേ ? ഈ ‘ജന പിന്നോക്ക യത്ര’ തടയാന്‍ നമുക്കെന്തുചെയ്യാന്‍ കഴിയും ?

9 comments:

പൊട്ട സ്ലേറ്റ്‌ said...

പ്രസക്തമായ ചിന്ത. ഇതു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഐ.പി.മുരളി|i.p.murali said...

മാഷെ ഇങ്ങിനെയൊരു പോസ്റ്റിനഭിനന്ദനങ്ങള്‍!

സാമൂഹ്യപ്രതിബദ്ധത ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവരെങ്കിലും ഈ കാര്യം ഗൌരവമായെടുത്തെങ്കില്‍!

ഇതിന്റെ കാരണങ്ങള്‍ അനവധിയുണ്ടായിരിക്കാം.

രാഷ്ട്രീയത്തിലെ മൂല്യ ച്യുതിയെ ഞാന്‍ സാമൂഹ്യമൂല്യച്യുതിയെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു, ഇതെങ്ങിനെ സംഭവിക്കുന്നു?
ഇതിനാണ് നാം പരിഹാരം കാണേണ്ടത്, ഇത് പരിഹരിക്കപ്പെട്ടാല്‍ നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണെനിക്കു തോന്നുന്നത്.

കുടുംബസദസ്സുകളിലും മറ്റും ഇത്തരം ചര്‍ച്ചകളെ ശരിയായ ദിശയിലേക്ക് നമ്മള്‍ ബോധപൂര്‍വ്വം നയിക്കണം.

ലോകത്തില്‍ കാണാന്‍ നാമാഗ്രഹിക്കുന്ന മാറ്റമായി നാം വര്‍ത്തിക്കുക.

MMP said...

രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ച്, ഞാന്‍ വളരെ ബോധപൂര്‍വം പറഞ്ഞതാണ്, മുരളി. രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, ആതുര ശുശ്രൂഷ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെല്ലാം കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തിലെ മൂല്യച്യുതി അവരിലേക്കു പടരുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതൊരു ന്യായീകരണമായി പറയാന്‍ പാടില്ല. അവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയേ പറ്റു.

നമ്മുടെ കുട്ടികള്‍ ശാസ്ത്ര വിഷയങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്യുന്നു. എന്നാല്‍ ശാസ്ത്രബോധമോ, യുക്തിബോധമോ (യുക്തിവാദമല്ല. യുക്തിവാദവും യുക്തിബോധവും രണ്ടും രണ്ടാണ് ) പലപ്പോഴും പ്രകടിപ്പിക്കുന്നില്ല. സ്വാഭാവികമായും അവര്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും പിറകെ പോകും. എന്റെ കുട്ടി ജയിച്ച് ആറക്ക ശമ്പളം വാങ്ങണമെന്നല്ലാതെ, ശാസ്ത്രബോധവും, യുക്തിബോധവുമുള്ള നല്ലൊരു മനുഷ്യനാകണമെന്ന് നമ്മള്‍ രക്ഷിതാക്കള്‍ ചിന്തിക്കാറില്ലല്ലോ !!!!!!!!!!

siva // ശിവ said...

ഗൌരവമാ‍യ വിഷയം....

എന്‍.മുരാരി ശംഭു said...
This comment has been removed by the author.
എന്‍.മുരാരി ശംഭു said...

മാഷിന്റെ അഭിപ്രായം കണ്ടു.നന്ദി.ബ്ലോഗും വായിച്ചു. മാഷിന്റെ ചിന്തകള്‍ വളരെ പ്രസക്തം തന്നെ.വീണ്ടും എഴുതാം.

ബഷീർ said...

ശരിയായ ദര്‍ശനമില്ലാത്തത്‌ കൊണ്ടുള്ള സംവാദങ്ങളാണു ഇന്ന് നടക്കുന്നത്‌ എന്ന് തോന്നുന്നു.

M A N U . said...

വൈരുദ്ധ്യാത്മക ഭൌദിക വാദികളും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പുറകെ പോകുന്നതാണോ?......ഒരു സംശയവും വേണ്ട അതും ഒരു മുഖ്യ കാരണം തന്നെ ആണ്.അധികാരത്തില്‍ എത്താന്‍ പ്രത്യയ ശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തും ചില ധാരണകളില്‍ അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കുന്നതും രാഷ്ട്രീയത്തിന്റെ മൂല്യ ച്യുതിയെ ആണ് കാണിക്കുന്നത്.

needam said...

ഇങ്ങനഇ ചിന്തിക്കുന്നവരുടെ വേരറ്റു പോയിട്ടില്ലെന്നത് ആശ്വാസകരം തന്നെ....