Thursday, January 22, 2009

പ്രതിസന്ധിയുടെ സാംസ്ക്കാരിക തലം

ആഗോള സാമ്പതിക പ്രതിസന്ധി ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അത് ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ഇതിന്റെ സാംസ്ക്കാരിക തലം കാര്യമായി ചര്‍ച്ച ചെയ്തതായി കണ്ടില്ല.
മുതലാളിത്ത ലോകം പ്രതിസന്ധി നേരിടുമ്പോഴെല്ലാം അത് സ്വാഭാവികമാണെന്നു വരുത്തി തീര്‍ക്കുന്നു.
മാത്രമല്ല അതില്‍ നിന്നു കരകയറാന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നു. (ലാഭമുണ്ടാകുമ്പോള്‍ മുതലാളിക്കും, നഷ്ടം വരുമ്പോള്‍ ജനങ്ങള്‍ക്കും)
നമ്മുടെ മനസ്സിനെപ്പോലും അതിനു പരുവപ്പെടുത്തിയെടുക്കുന്നു. അതിനുദാ‍ഹരണമാണ് തിരുവനന്തപുരത്തു നടന്ന സംഭവം. ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയതാണ്, ‘ടോട്ടല്‍ ഫോര്‍ യു’ എന്ന
സ്ഥാപനം. വകയില്‍ കൊള്ളിക്കാന്‍ കഴിയാത്ത പണമുള്ളവര്‍ കുറച്ചു പണം അതില്‍ നിക്ഷേപിച്ചു. ഇതു കണ്ട് അമിത ലഭം പ്രതീക്ഷിച്ച് ചില പാവങ്ങളും അതില്‍ നിക്ഷേപം നടത്തി.
കമ്പനി പൊളിഞ്ഞപ്പോള്‍ സ്വാഭാവികമായും ഉടമസ്ഥര്‍ മുങ്ങി. നിക്ഷേപകരുടെ പണമെല്ലാം നഷ്ടമായി. പണം നഷ്ടപ്പെട്ടവര്‍ യോഗം ചേര്‍ന്നു. സമ്പത്തിക പ്രതിസന്ധിയാണ് ധനനഷ്ടത്തിനു കാരണമെന്നു വ്യാഖ്യാനം. അതു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഊഹക്കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടത്തിനു ശ്രമിക്കുന്നതാണ്, പ്രതിസന്ധിക്കു കാരണമെന്ന് ഇപ്പോഴും തിരിച്ചറിയുന്നില്ല. അടുത്ത ദിവസം ഒരു സൌഹൃദ സദസ്സില്‍ കേട്ട കാര്യം: സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി വില ആറ് രൂപയായി കുറഞ്ഞു. പിറ്റേന്ന് അത് മുപ്പതു രൂപയായി ഉയര്‍ന്നു. ഒരു സുഹൃത്ത് പറഞ്ഞത് : ഇന്നലെ എനിക്ക് ഒരു പതിനായിരം ഓഹരിയെങ്കിലും വാങ്ങാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ്. എന്നാണ് നമ്മുടെ ആളുകള്‍ പാ‍ഠം പഠിക്കുക.
കാഡ് ബറീസ് പറഞ്ഞപ്പോള്‍, നാം പരമ്പരാഗത കൃഷി ഉപേക്ഷിച്ച് കൊക്കോ കൃഷി തുടങ്ങി. അവര്‍ വഗ്ദാനത്തില്‍ നിന്നു പിന്മാറിയപ്പോള്‍ കൊക്കോ കൃഷി നഷ്ടമായി; പരമ്പരാഗത കൃഷി രീതിയും നഷ്ടമായി. റിയല്‍ എസ്റ്റേറ്റ് വന്നപ്പോള്‍, ഭൂമി കച്ചവടച്ചരക്കായി മാറി; നമ്മള്‍ കൃഷി ചെയ്യുന്ന ശീലവും ഉപേക്ഷിച്ചു. ‘അധ്വാനം സമ്പത്ത് ’ എന്ന മുദ്രാവാക്യം എന്നാണ് നമ്മുടെ തലയില്‍ കയറുക.

2 comments:

keralafarmer said...

താങ്കളെ വയോജനക്ലബിലേയ്ക്ക് ആദരപൂര്‍വ്വം ക്ഷണിക്കുന്നു.

MMP said...

:-)