Thursday, January 22, 2009

പ്രതിസന്ധിയുടെ സാംസ്ക്കാരിക തലം

ആഗോള സാമ്പതിക പ്രതിസന്ധി ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അത് ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ഇതിന്റെ സാംസ്ക്കാരിക തലം കാര്യമായി ചര്‍ച്ച ചെയ്തതായി കണ്ടില്ല.
മുതലാളിത്ത ലോകം പ്രതിസന്ധി നേരിടുമ്പോഴെല്ലാം അത് സ്വാഭാവികമാണെന്നു വരുത്തി തീര്‍ക്കുന്നു.
മാത്രമല്ല അതില്‍ നിന്നു കരകയറാന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നു. (ലാഭമുണ്ടാകുമ്പോള്‍ മുതലാളിക്കും, നഷ്ടം വരുമ്പോള്‍ ജനങ്ങള്‍ക്കും)
നമ്മുടെ മനസ്സിനെപ്പോലും അതിനു പരുവപ്പെടുത്തിയെടുക്കുന്നു. അതിനുദാ‍ഹരണമാണ് തിരുവനന്തപുരത്തു നടന്ന സംഭവം. ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയതാണ്, ‘ടോട്ടല്‍ ഫോര്‍ യു’ എന്ന
സ്ഥാപനം. വകയില്‍ കൊള്ളിക്കാന്‍ കഴിയാത്ത പണമുള്ളവര്‍ കുറച്ചു പണം അതില്‍ നിക്ഷേപിച്ചു. ഇതു കണ്ട് അമിത ലഭം പ്രതീക്ഷിച്ച് ചില പാവങ്ങളും അതില്‍ നിക്ഷേപം നടത്തി.
കമ്പനി പൊളിഞ്ഞപ്പോള്‍ സ്വാഭാവികമായും ഉടമസ്ഥര്‍ മുങ്ങി. നിക്ഷേപകരുടെ പണമെല്ലാം നഷ്ടമായി. പണം നഷ്ടപ്പെട്ടവര്‍ യോഗം ചേര്‍ന്നു. സമ്പത്തിക പ്രതിസന്ധിയാണ് ധനനഷ്ടത്തിനു കാരണമെന്നു വ്യാഖ്യാനം. അതു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഊഹക്കച്ചവടത്തിലൂടെ സാമ്പത്തിക നേട്ടത്തിനു ശ്രമിക്കുന്നതാണ്, പ്രതിസന്ധിക്കു കാരണമെന്ന് ഇപ്പോഴും തിരിച്ചറിയുന്നില്ല. അടുത്ത ദിവസം ഒരു സൌഹൃദ സദസ്സില്‍ കേട്ട കാര്യം: സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരി വില ആറ് രൂപയായി കുറഞ്ഞു. പിറ്റേന്ന് അത് മുപ്പതു രൂപയായി ഉയര്‍ന്നു. ഒരു സുഹൃത്ത് പറഞ്ഞത് : ഇന്നലെ എനിക്ക് ഒരു പതിനായിരം ഓഹരിയെങ്കിലും വാങ്ങാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ്. എന്നാണ് നമ്മുടെ ആളുകള്‍ പാ‍ഠം പഠിക്കുക.
കാഡ് ബറീസ് പറഞ്ഞപ്പോള്‍, നാം പരമ്പരാഗത കൃഷി ഉപേക്ഷിച്ച് കൊക്കോ കൃഷി തുടങ്ങി. അവര്‍ വഗ്ദാനത്തില്‍ നിന്നു പിന്മാറിയപ്പോള്‍ കൊക്കോ കൃഷി നഷ്ടമായി; പരമ്പരാഗത കൃഷി രീതിയും നഷ്ടമായി. റിയല്‍ എസ്റ്റേറ്റ് വന്നപ്പോള്‍, ഭൂമി കച്ചവടച്ചരക്കായി മാറി; നമ്മള്‍ കൃഷി ചെയ്യുന്ന ശീലവും ഉപേക്ഷിച്ചു. ‘അധ്വാനം സമ്പത്ത് ’ എന്ന മുദ്രാവാക്യം എന്നാണ് നമ്മുടെ തലയില്‍ കയറുക.

ഒബാമയെ എനിക്കിഷ്ടമായി... പക്ഷേ.....

ഒബാമയെ എനിക്കിഷ്ടമായി. അയാളുടെ ചുറുചുറുക്കും (നമ്മുടെ പ്രധാനമന്ത്രി നടക്കുന്നത് കണ്ടാല്‍ വിഷമം തോന്നാറില്ലേ??? ) പ്രസംഗ രീതിയും... എല്ലാമെല്ലാം. നമ്മുടെ മാധ്യമങ്ങള്‍ ഒബാമ വിജയം ആഘോഷിക്കുകയാണ്. നല്ലത്. പക്ഷേ.........
ഒരാള്‍ എവിടെ നിന്നു വരുന്നു എന്നത് പ്രസക്തമാണ്. അയാളുടെ ചിന്തകളെ അത് സ്വാധീനിക്കും. എന്നാല്‍ ഒരാളുടെ നിറം നോക്കി അയാളെ വിലയിരുത്തുന്നത് ശരിയാണോ?
നമ്മള്‍ അങ്ങനെയല്ലേ? ജാതിയും മതവും നോക്കിയല്ലേ, പലതും തീരുമാനിക്കുന്നത്. ഇവിടെ ജാതി പറയാന്‍ കഴിയാത്തതു കൊണ്ട് നിറം പറഞ്ഞു എന്നു മാത്രം. (അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് കറുത്തവരുടെ വിജയമായിട്ടാണോ ആഘോഷിച്ചത്? എനിക്കറിയില്ല. അറിയുന്നവര്‍ പറഞ്ഞു തരിക.)
ഒരു പാര്‍ട്ടിക്ക്, ഒരു രാജ്യത്തിന് ചില നയങ്ങളുണ്ട്. അതില്‍ തിരുത്തല്‍ വരുത്താന്‍ അപൂര്‍വ വ്യക്തിത്വങ്ങള്‍ക്കേ കഴിയൂ. അത്തരം ഒരു വ്യക്തിത്വമാണോ ഒബാമ? കത്തിരുന്നു കാണാം.
അതോ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അമേരിക്കയെ വെള്ളപൂശാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടോ? (നമുക്കു ചുറ്റുമുള്ള പലരും ശരീരം കൊണ്ട് കറുത്തിട്ടാണെങ്കിലും, മാനസികമായി വെള്ളക്കാരാണെന്ന കാര്യവും ഈ സന്ദര്‍ഭതില്‍ ഓര്‍മിക്കുക)

Monday, January 12, 2009

തിരിഞ്ഞു നടക്കുന്നവര്‍

അറുപതുകളിലും എഴുപതുകളിലും, എന്റെ വീട്ടില്‍, ബന്ധുക്കള്‍ ഒത്തുകൂടുമ്പോള്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങളും, സാമൂഹ്യ പ്രശ്നങ്ങളുമാണ് ചര്‍ച്ചാവിഷയമാകാറുള്ളത്. (ഇത് എന്റെ മാത്രം അനുഭവമല്ല. കേരളത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം ഇത്തരം ചര്‍ച്ചകളാണ് നടക്കാറുള്ളത്.) അവിടെ തര്‍ക്കങ്ങളുണ്ടാവാറുണ്ട്; സംവാദങ്ങളുണ്ടാവാറുണ്ട്.
എന്നല്‍ ഇന്നോ??? അടുത്ത ദിവസം എന്റെ കുടുംബ സദസ്സില്‍ നടന്ന ചര്‍ച്ചകള്‍ എന്നെ ഏറെ അമ്പരപ്പിച്ചു; വേദനിപ്പിച്ചു. എന്താണ് നടന്ന ചര്‍ച്ച? ജാതീയമായി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത, ആചാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടതെങ്ങനെ....... എന്നിങ്ങനെ പോകുന്നു ചര്‍ച്ചകള്‍. അവിടെ തര്‍ക്കങ്ങളില്ല; സംവാദങ്ങളുമില്ല. ( സംവാദമില്ലാത്തത് ദര്‍ശനമില്ലാത്തതു കൊണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ! ) ഏറെ ഉല്പതിഷ്ണുക്കളുണ്ടായിരുന്ന എന്റെ കുടുംബത്തിനെന്തു സംഭവിച്ചു?
എന്റെ കുടുംബം കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയല്ലേ? നമ്മള്‍ അര്‍ത്ഥവത്തായ സംവാദങ്ങളില്‍ ഏര്‍പ്പെടാത്തതെന്തുകൊണ്ട്? അയ്യങ്കാളിയുടേയും, ഗുരുവിന്റേയും, വിടിയുടേയും.... ( മറ്റു നവോത്ഥാന നായകരുടേയും ) നവോത്ഥാന മൂല്യങ്ങളില്‍ നിന്ന് നമ്മള്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതെന്തുകൊണ്ട്? ചര്‍ച്ച ചെയ്യേണ്ടതല്ലേ?
രാഷ്ട്രീയത്തിലെ മൂല്യ ച്യുതിയാണോ ഇതിനു കാരണം ? വൈരുദ്ധ്യാത്മക ഭൌതിക വാദത്തില്‍ മുറുകെ പിടിക്കുന്നവര്‍ തന്നെ ആചാരങ്ങളുടേയും, വിശ്വാസങ്ങളുടേയും പിറകെ പോകുന്നതാണോ കാരണം ? എന്തായാലും ഞാനും നിങ്ങളുമടക്കമുള്ള ഈ സമ്മൂഹം മുഴുവന്‍ ഇതിനുത്തരവാദികളല്ലേ ? ഈ ‘ജന പിന്നോക്ക യത്ര’ തടയാന്‍ നമുക്കെന്തുചെയ്യാന്‍ കഴിയും ?